“മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പ്രതികരിക്കാന്‍ താനുള്‍പ്പെടെയുള്ള സിനിമാപ്രവര്‍ത്തകര്‍ക്ക് അവകാശമില്ല. ഈ പ്രശ്‌നം ഇന്നലെയുണ്ടായതല്ല. കഴിഞ്ഞ 50 വര്‍ഷമായി മലയാള സിനിമയിലെ ഒരു സംവിധായകനും തിരക്കഥാകൃത്തും മുല്ലപ്പെരിയാര്‍ എന്ന വാക്കുപോലും ഉപയോഗിച്ചിട്ടില്ല.തമിഴ്‌നാടിനോടു വിധേയത്വമുള്ളവരാണ് ഭൂരിപക്ഷം സിനിമാപ്രവര്‍ത്തകരും. അതു കൊണ്ടാണ് സിനിമാലോകത്ത് ഇങ്ങനെയൊരു നിശബ്ദത വന്നത്. തമിഴ്‌നാട്ടില്‍ പണയംവച്ച നട്ടെല്ലുമായി ജീവിച്ചാല്‍ പ്രതികരിക്കാനാകില്ല. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ ചലച്ചിത്രഅവാര്‍ഡ്ദാനം മാറ്റിവയ്ക്കണമെന്ന വാദം ബാലിശമാണ്. അമ്പതുവര്‍ഷമായി പ്രതികരിക്കാത്തവര്‍ പെട്ടെന്നിറങ്ങിപ്പുറപ്പെട്ടത് കാപട്യമാണ്. അത്തരക്കാരെ എറിയാന്‍ ഉരുളന്‍ കല്ലു കരുതുകയാണ് വേണ്ടത്”.
സിനിമയും തമിഴ്‍നാടുമായുള്ള ബന്ധം സലിമേട്ടനെപ്പോലെ നമുക്കും അറിയാവുന്നതാണ്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഇതുവരെ ഒരഭിപ്രായം പോലും പറയാത്ത സലിമേട്ടന്‍ അഭിപ്രായം പറഞ്ഞവരുടെ മേല്‍ കുതിര കയറുന്നത് എന്തിനു വേണ്ടിയാണെന്നു മനസ്സിലാവുന്നില്ല.കഴിഞ്ഞ 50 വര്‍ഷമായി ഇതെപ്പറ്റി അഭിപ്രായം പറയാത്തവര്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നത് കാപട്യമാണ് എന്ന സലിമേട്ടന്റെ അഭിപ്രായം സത്യത്തില്‍ പരിതാപകരമാണ്.മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ വൈകാരികമായി പ്രതികരിക്കുന്ന സമരം ചെയ്യുന്ന 99.9 ശതമാനം ആളുകളും ഇത് ഇത്ര ഗുരുതരമാണെന്നു മനസ്സിലാക്കുന്നത് കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മാത്രമായിരിക്കും.നേരത്തെ പറയാത്തതുകൊണ്ട് അവരൊന്നും ഇതെപ്പറ്റി പറയരുത് എന്നു പറഞ്ഞാല്‍ അത് അവിവേകമാകും.
സിനിമാപ്രവര്‍ത്തകര്‍ക്ക് തമിഴ്‍നാടിനോട് വിധേയത്വമുണ്ടായത് അവരുടെ സമ്പാദ്യങ്ങളും നിക്ഷേപങ്ങളും അവിടെയുള്ളതുകൊണ്ടാണ്. നാടോടിക്കാറ്റു മുതല്‍ പോക്കിരിരാജവരെ ഹിറ്റ് സിനിമകളുടെ ചേരുവകളില്‍ സുപ്രധാനഘടകമാണ് തമിഴ്‍നാട്. ചലച്ചിത്ര അവാര്ഡ‍് പ്രഖ്യാപനം മാറ്റി വയ്‍ക്കണമെന്നു പറയുന്നത് ബാലിശമാണെന്ന് എനിക്കഭിപ്രായമില്ല. ദുരന്തം സംഭവിച്ച് കഴിഞ്ഞ് വാഗ്ദാനം ചെയ്തിരിക്കുന്ന 50 ലക്ഷം ആളുകള്‍ മരിച്ചുകഴിഞ്ഞതിനു ശേഷമാണെങ്കില്‍ അവാര്‍ഡ് മാറ്റിവച്ചാലും തെറ്റില്ല.ഇവിടെ,ചലച്ചിത്ര അവാര്‍ഡ് ദാനം മാറ്റിവയ്‍ക്കണമെന്ന് രഞ്ജിത് ആവശ്യപ്പെട്ടിട്ടില്ല.അവാര്‍ഡ്‍നിശ നടത്തുന്നതില്‍ അദ്ദേഹം പ്രതിഷേധിച്ചിട്ടുമില്ല.ഇങ്ങനൊരു പ്രതിസന്ധി നില്‍ക്കുമ്പോള്‍ ആഘോഷത്തിനു താനില്ല എന്നു പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാഴ്‍ചപ്പാടാണ്. രഞ്ജിത്തില്ലെങ്കിലും അവാര്‍ഡ് നിശ നടക്കും,സലിമേട്ടനു കിട്ടാനുള്ളത് കിട്ടുകയും ചെയ്യും.
രഞ്ജിത്തിന്റെ നിലപാട് കൊണ്ട് ഉമ്മന്‍ ചാണ്ടി വേഗം ഡല്‍ഹിക്കുപോയി കാര്യം സാധിക്കും എന്നാരും വിശ്വസിക്കുന്നില്ല.മുല്ലപ്പെരിയാര്‍ ദുരന്തഭീഷണി മധ്യകേരളത്തിലെ ക്രിസ്‍ത്യാനികളുടെയും കേരളാ കോണ്‍ഗ്രസുകാരുടെയും നേതൃത്വത്തില്‍ നടക്കുന്ന കോടതിയലക്ഷ്യനടപടികളാണെന്നു കരുതുന്ന ആളുകളോട് വളരെ വ്യക്തമായ ഭാഷയില്‍ സംവദിക്കുന്നതാണ് രഞ്ജിത്തിന്റെ നടപടി.എന്നാല്‍ സലിമേട്ടന് അവാര്‍ഡ് ലഭിച്ചപ്പോള്‍ അത് മമ്മൂട്ടിക്കായിരുന്നു ലഭിക്കേണ്ടതെന്ന മട്ടില്‍ ചൊറിഞ്ഞ രഞ്ജിത്തിനോടുള്ള പകയാവണം ഇപ്പോള്‍ സലിമേട്ടനെക്കൊണ്ട് ഇങ്ങനെ പറയിച്ചത്.
അവാര്‍ഡ് ലഭിച്ചതിനു ശേഷം അദ്ദേഹത്തിന് എന്തൊക്കെയോ കോംപ്ലക്‍സുകള്‍ ബാധിച്ചിട്ടുണ്ടെന്നു സംശയിക്കത്തക്കവിധത്തിലാണ് അടുത്ത കാലത്തായുള്ള പ്രതികരണങ്ങള്‍. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍,ചെയ്താല്‍ അതെല്ലാം തനിക്കതിരാണെന്നു നിരൂപിച്ച് ആഞ്ഞടിക്കുകയാണ് സലിമേട്ടന്‍.രണ്ടാഴ്ച മുമ്പ് ജഗതി ശ്രീകുമാറിനു നേര്‍ക്കായിരുന്നു ആക്രണം.ഇന്ന് രഞ്ജിത് ആണ് ഇര.
സലിംകുമാര്‍ അവാര്‍ഡ് വാങ്ങുന്ന വേദിയില്‍ നിന്ന് അവാര്‍ഡ് വാങ്ങാന്‍ എനിക്കു സൗകര്യമില്ല എന്നു രഞ്ജിത് പറഞ്ഞിരുന്നെങ്കില്‍ സലിമേട്ടന്റെ രോഷം മനസിലാക്കാമായിരുന്നു.രഞ്ജിത് ഉന്നയിക്കുന്നത് മറ്റൊരാശയമാണ്.അതിനെ ഇത്തരത്തില്‍ വ്യാഖ്യാനിച്ച് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ വില കുറച്ചു കാണുന്ന തരത്തില്‍ സലിമേട്ടന്‍ പ്രതികരിച്ചത് ഖേദകരമാണ്.പൊതുവായ ഒരു വികാരത്തെ ഉയര്‍ത്തിപ്പിടിക്കാനുകതുന്ന തരത്തില്‍ വരുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളുമെല്ലാം ഗുണകരമാണ്.അതില്‍ സത്യസന്ധമായതുമാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂ എന്നു പറയുന്നത് വിഡ്ഡിത്തമാണ്.
സത്യസന്ധതയുടെ കണക്കുനോക്കിയാല്‍ ഇപ്പോള്‍ കളത്തിലിറങ്ങി കളിക്കുന്ന രാഷ്ടീയക്കാരില്‍ എത്ര പേരുടെ നിലപാട് സത്യസന്ധമാണ് എന്നത് വലിയൊരു ചോദ്യമാണ്.എന്നാല്‍,കളത്തിലിറങ്ങാന്‍ തയ്യാറാവുന്ന ഏതൊരാളും പൊതുവികാരത്തെ പിന്തുണയ്‍ക്കുന്നു എന്ന കാരണത്താല്‍ നീതീകരിക്കപ്പെടില്ലേ ? രഞ്ജിത്തിന്റെ നിലപാട് മുല്ലപ്പെരിയാര്‍ സമരസമിതിക്കും കേരളത്തിനും അനുകൂലവും സലിമേട്ടന്റേത് നിലവാരം കുറഞ്ഞ മിമിക്രിയും ആയിപ്പോയിരിക്കുന്നു എന്നു പറയേണ്ടിയിരിക്കുന്നു. സലിമേട്ടന്‍ ഉരുളന്‍ കല്ലുകളെറിയുമ്പോള്‍ അത് വീഴുന്നത് രഞ്ജിത്തിന്റെ മേല്‍ മാത്രമല്ല,മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പ്രതികരിച്ചിട്ടുള്ള മുഴുവന്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ മേല്‍കൂടിയാണ്.
തോക്കുസ്വാമി എന്നറിയപ്പെടുന്ന സ്വാമി ഹിമവല്‍ മഹേശ്വരഭദ്രാനന്ദയുടെ നേതൃത്വത്തില്‍ മുല്ലപ്പെരിയാര്‍ ഡാം പുതുക്കിപ്പണിയാന്‍ ഇന്നലെ ആലപ്പുഴ ബീച്ചില്‍ സ്‌പെഷല്‍ മെഡിറ്റേഷന്‍ ഹോമം നടന്നു.തോട്ട്‌സ് ട്വിസ്റ്റിങ് മെഡിറ്റേഷന്‍ എന്ന പേരില്‍ വൈകിട്ട് ആലപ്പുഴ ബീച്ചിലെ പുല്‍ത്തകിടിയില്‍ മെഴുകുതിരി കൂട്ടമായി കത്തിച്ചു ഹോമകുണ്ഡമൊരുക്കിയപ്പോള്‍ വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികളും കൂടി.അവന്മാര്‍ക്കെല്ലാം വിനോദമാണല്ലോ.
SAN
No comments:
Post a Comment